Wednesday, June 24, 2015

കേരള സർവ്വകലാശാല - 1952-62 കാലഘട്ടം

അര നൂറ്റാണ്ടു മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ഈ ലേഖനം അന്ന് കേരളത്തിൽ വ്യാപകമായി   ചർച്ച ചെയ്യപ്പെട്ടിരുന്നു                                                                                                                                                                                                                                                                                                                                 കേരള സർവ്വകലാശാലയും          ശാസ്ത്രീയ ഗവേഷണവും
ഇന്ത്യയിലെ ഇരുപത്തഞ്ചു  സർവകലാശാലകളിൽ വെച്ച് ഏറ്റവും മോശപ്പെട്ടതാണ്            കേരള സർവ്വകലാശാലയുടെ ഗവേഷണ നിലവാരം
ബി.ആർ.പി. ഭാസ്കർ
സാക്ഷരതയിൽ ഇതരസംസ്ഥാനങ്ങളുടെ മുന്നിലാണല്ലോ കേരളത്തിന്റെ സ്ഥാനം. ഇതു തീർച്ചയായും അഭിമാനാർഹം തന്നെ. പക്ഷെ ഈ അഭിമാനബോധം ന്യായീകരിക്കാൻ കഴിയാത്ത പല തെറ്റിദ്ധാരണകളും നമ്മിൽ ഉണ്ടാക്കിയിട്ടുണ്ട്.

അതിലൊന്നാണ് മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളേക്കാളും ബുദ്ധിമാന്മാരാണ് കേരളീയർ എന്നത്. വസ്തുനിഷ്ഠമായി ചിന്തിച്ചാൽ ഈ ധാരണയെ പിന്താങ്ങുവാൻ തെളിവുകളൊന്നുമില്ല.

ഇത്തരത്തിൽ പെടുന്ന മറ്റൊരു തെറ്റിദ്ധാരണയാണ് മറ്റ് സർവ്വകലാശാലകളിലെ ബിരുദധാരികളേക്കാൾ കേമന്മാരാണു കേരള സർവ്വകലാശാലയുടെ ബിരുദധാരികൾ എന്നത്. സാമീപ്യവും നിഷേധിക്കാനാവാത്ത പഴമയും നിമിത്തം മദിരാശി സർവ്വകലാശാലയുടെ മേന്മ വക വെച്ചു കൊടുക്കാൻ ചിലർ സന്നദ്ധരാണ്.  പക്ഷെ മറ്റ് സർവ്വകലാശാലകളുടെ നിലവാരം അംഗീകരിക്കാൻ നമുക്ക് പൊതുവെ വൈമനസ്യമാണ്.

നമ്മുടെ ധാരണകൾക്ക് നിരക്കാത്ത വസ്തുതകൾ കാണുമ്പോൾ അഭിപ്രായം തദനുസരണം ഭേദപ്പെടുത്തുന്നതിനു പകരം യാഥാർത്ഥ്യത്തിന്റെ മേൽ കരി തേയ്ക്കുവാനാണ് നാം ശ്രമിക്കുന്നത്. അങ്ങനെ അഖിലേന്ത്യാ അടിസ്ഥാനത്തിലെ മത്സരപ്പരീക്ഷകളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികൾ നമ്മുടെ ബിരുദധാരികളേക്കാൾ പ്രശസ്തമായി വിജയിക്കുമ്പോൾ നമ്മുടെ തെറ്റിദ്ധാരണ കൈവെടിയാൻ നാം തയ്യാറല്ല. നേരേ മറിച്ച് അത് വടക്കേ ഇന്ത്യാക്കാരായ പരീക്ഷകരുടെ പക്ഷപാതപരമായ നയം കൊണ്ടാണെന്ന് നാം സമാധാനിക്കുന്നു.

എന്താണ് യാഥാർത്ഥ്യം? പരീക്ഷകരെല്ലാം നിഷ്പക്ഷമതികളല്ലായിരിക്കാം. എങ്കിലും ഇന്ന് ഇന്ത്യയിലെ പല സർവ്വകലാശാലകളും കേരള സർവ്വകലാശാലയേക്കാൾ ഉന്നതമായ നിലവാരമാണ് പുലർത്തുന്നത്.

രണ്ട് സർവ്വകലാശാലകളുടെ നിലവാരം താരതമ്യപ്പെടുത്തുക എളുപ്പമല്ല. എന്തെന്നാൽ അദ്ധ്യയനനിലവാരം അളക്കുവാൻ പോരുന്ന മാനദണ്ഡം നിർണ്ണയിക്കാൻ വിഷമമുണ്ട്. എങ്കിലും ചില പ്രത്യേകതുറകളിൽ രണ്ട് സ്ഥാപനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കുവാനും അവയുടെ പ്രവർത്തനഫലങ്ങൾ തുലനം ചെയ്യുവാനും സാദ്ധ്യമാണ്.

ശാസ്ത്രീയവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കണക്കാക്കുമ്പോൾ ഒരു സർവ്വകലാശാല ഈ കാര്യത്തിൽ എത്രമാത്രം താല്പര്യം കാണിക്കുന്നുവെന്നത് അതിന്റെ പുരോഗമനോന്മുഖതയുടേയും കാര്യക്ഷമതയുടേയും ഒരു സൂചികയായി കരുതാവുന്നതാണ്. വേറെയും പല മാനദണ്ഡങ്ങളും സ്വീകരിക്കാമെങ്കിലും, ഇന്നത്തെ പരിത:സ്ഥിതിയിൽ ശാസ്ത്രീയഗവേഷണത്തിൽ സർവ്വകലാശാലകൾ പ്രദർശിപ്പിക്കുന്ന താല്പര്യം അവയുടെ നിലവാരത്തെ തുലനം ചെയ്യുവാനുപകരിക്കുന്ന  പ്രമുഖഘടകങ്ങളിലൊന്നായി കണക്കാക്കാവുന്നതാണ്.

ഇക്കാര്യത്തിൽ കേരള സർവ്വകലാശാലയുടെ പ്രവർത്തനം ഇതര സ്ഥാപനങ്ങളുടേതുമായി താരതമ്യപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. ഇതിനുതകുന്ന വിവരങ്ങൾ കൌൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) ഈയിടെ പ്രസിദ്ധീകരിച്ച ഒരു സർവ്വേ റിപ്പോർട്ടിൽ കാണാനുണ്ട്. സി.എസ്.ഐ.ആറിന്റെ  സർവ്വേ ആൻഡ് പ്ലാനിംഗ് യൂണിറ്റ് തയ്യാറാക്കിയ ഈ റിപ്പോർട്ട് വിവിധ സർവ്വകലാശാലകൾ നൽകിയ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ടതാണ്.

ഈ റിപ്പോർട്ടനുസരിച്ച് 1952 മുതൽ 1962 വരെയുള്ള പത്തു വർഷങ്ങളിൽ; കേരള സർവ്വകലാശാല കേവലം 157 ഗവേഷണപ്രബന്ധങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിവിധ വിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്യുന്ന മാസികകളിലും ഇന്ത്യൻ സയൻസ് കോൺഗ്രസ് സമ്മേളനങ്ങളോടനുബന്ധിച്ചുള്ള പ്രസിദ്ധീകരണങ്ങളിലും ചേർത്തിട്ടുള്ള ലേഖനങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. ആഗ്രിക്കൾച്ചർ, ബോട്ടണി, കെമിസ്ട്രി, എൻജിനീയറിംഗ്, ജിയോളജി, മാത്തമാറ്റിക്സ്, മെഡിസിൻ, ഫാർമസി, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, വെറ്റെറിനറി സയൻസ്, സുവോളജി എന്നീ പന്ത്രണ്ട് വിഷയങ്ങളിൽ നടന്ന ഗവേഷണങ്ങൾ ഈ പഠനത്തിലുൾപ്പെടുത്തിയിട്ടുണ്ട്.

ഈ ദശവർഷക്കാലത്ത് മറ്റ് സർവ്വകലാശാലകൾ പ്രസിദ്ധപ്പെടുത്തിയ ഗവേഷണ പ്രബന്ധങ്ങളുടെ കണക്ക് നോക്കുക. ആന്ധ്ര 1805, ദെൽഹി 1070, അലാഹാബാദ് 747, മദിരാശി 631, ബോംബേ 524, അണ്ണാമല 501, പൂന 372, ഉസ്മാനിയ 245.

ചില സർവ്വകലാശാലകൾ പത്തു വർഷത്തെയും കണക്കുകൾ നൽകിയിട്ടില്ല. എങ്കിലും കൊടുത്ത കണക്കുകളിൽ നിന്നും അവയുടെ പ്രവർത്തനവും നമ്മുടേതിനേക്കാൾ മെച്ചമാണെന്ന് കാണാം.

ഒൻപത് വർഷങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളുടെ കണക്ക് ഇപ്രകാരമാണ്: ലഖ്നൌ 1459, നാഗപ്പൂർ 463, ഉത്ക്കൽ 458, ബറോഡ 375.
മറ്റ് സർവ്വകലാശാലകൾ നൽകിയ കണക്കുകൾ താഴെ കൊടുക്കുന്നു. ആലിഗഢ് (5 വർഷത്തിൽ) 80, ബനാറസ് (5 വർഷത്തിൽ) 597, കൽക്കത്ത (7 വർഷത്തിൽ) 1092, ജാദവ്പൂർ (6 വർഷത്തിൽ) 426, മൈസൂർ (8 വർഷത്തിൽ) 121, പഞ്ചാബ് (ഒരു വർഷത്തിൽ) 155, പാട്ന (2 വർഷത്തിൽ) 137, ശ്രീവെങ്കിടേശ്വര (6 വർഷത്തിൽ) 271.

കേരളത്തേക്കാൾ മോശപ്പെട്ടവരില്ലെന്നല്ല. ഒൻപത് വർഷങ്ങളിലായി 108 പ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്തിയ കർണ്ണാടകവും ആറു വർഷങ്ങളിലായി 74 എണ്ണം പ്രസിദ്ധപ്പെടുത്തിയ ഗൌഹാട്ടിയും അഞ്ചു വർഷങ്ങളിലായി 44 എണ്ണം പ്രസിദ്ധപ്പെടുത്തിയ സാഗറും നാലു വർഷങ്ങളിലായി 16 എണ്ണം പ്രസിദ്ധപ്പെടുത്തിയ ജബൽ‌പൂരും നമ്മുടെ പിന്നിലാണ്.

ഗുണമോ?

ഈ താരതമ്യപഠനം കേവലം എണ്ണത്തെ അടിസ്ഥാനമാക്കിയുള്ളതാണല്ലോ. ശാസ്ത്രീയ ഗവേഷണത്തെ പരീക്ഷണങ്ങളെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നതു ശരിയാണോ എന്ന് ചിലർ സംശയിച്ചേക്കാം. എണ്ണത്തിൽ കുറവാണെങ്കിലും പരീക്ഷണങ്ങൾ ഗുണത്തിൽ മെച്ചപ്പെട്ടവയാണോ എന്നല്ലേ നോക്കേണ്ടത്? ശരിയാണ്. പക്ഷെ അത്തരത്തിലുള്ള പഠനം ശാസ്ത്രജ്ഞന്മാർക്കു പോലും എളുപ്പമല്ല.

വാസ്തവത്തിൽ സംഖ്യാധിഷ്ഠിതമായ പഠനം ശാസ്ത്രരീത്യാ ന്യായീകരിക്കാവുന്നതാണ്. എന്തെന്നാൽ ഗവേഷണപ്രവർത്തനം കൂടുതലുള്ള സർവ്വകലാശാലകളിലാണ് ഗുണത്തിൽ മെച്ചപ്പെട്ട പരീക്ഷണങ്ങളുണ്ടാകാൻ സാദ്ധ്യത. മാത്രമല്ല, പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണ പ്രബന്ധമാണല്ലോ ഇവിടെ കണക്കാക്കുന്നത്. പരീക്ഷണങ്ങൾക്കു എന്തെങ്കിലും മേന്മയുണ്ടെങ്കിലേ അവയെ ആസ്പദമാക്കി രചിക്കപ്പെട്ട ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെടാനിടയുള്ളു. അതുകൊണ്ട് എണ്ണത്തിൽ കുറവാണെങ്കിലും നമ്മുടെ ഗവേഷണപ്രബന്ധങ്ങളുടെ നിലവാരം മെച്ചമാണെന്ന് സമാശ്വസിക്കാൻ നിർവ്വാഹമില്ല.

അതാതു സവ്വകലാശാലകളുടെ തന്നെ പ്രസിദ്ധീകരണങ്ങളിൽ വന്ന ലേഖനങ്ങൾ ഈ കണക്കിൽ പെടുന്നില്ല. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രസിദ്ധീകരണങ്ങളിൽ ചേർക്കപ്പെട്ടതോ ഇന്ത്യൻ സയൻസ് കോൺഗ്രസ് സമ്മേളനത്തിൽ വായിക്കപ്പെട്ടതോ ആയ ഗവേഷണ പ്രബന്ധങ്ങളേ കണക്കിലെടുത്തിട്ടുള്ളു.

വിദേശങ്ങളിൽ

വിദേശീയ പ്രസിദ്ധീകരണങ്ങൾ സ്വീകരിച്ച ലേഖനങ്ങളുടെ എണ്ണം ഗവേഷണ നിലവാരത്തിന്റെ ഒരു സൂചികയായി കണക്കാക്കുന്നതിൽ തെറ്റില്ല. എന്തെന്നാൽ പ്രത്യേകമായ എന്തെങ്കിലും മേന്മയുള്ള ഗവേഷണങ്ങളെ ആസ്പദമാക്കിയുള്ള ലേഖനങ്ങൾ മാത്രമേ അവയുടെ ചുമതല വഹിക്കുന്ന വിദഗ്ദ്ധന്മാർ പ്രസിദ്ധീകരിക്കുകയുള്ളൂ.

കേരളത്തിലെ ഗവേഷകന്മാരെഴുതിയ 157 ലേഖനങ്ങളിൽ 19 എണ്ണം മാത്രമാണ് വിദേശത്ത് പ്രസിദ്ധീകരിക്കപ്പെട്ടത്. മറ്റ് സർവ്വകലാശാലകളുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ വെളിനാടുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടവയുടെ കണക്കുകൾ താഴെ കൊടുക്കുന്നു. ദെൽഹി 437, അലാഹാബാദ് 391, ആന്ധ്ര 373, ലഖ്നൌ 372, കൽക്കത്ത 326, മദിരാശി 256, ജാദവ്പൂർ 213, ബോംബെ 166, അണ്ണാമല 159, ബറോഡ 152, ബനാറസ് 137, ഉസ്മാനിയ 106, ശ്രീവെങ്കിടേശ്വര 100, പൂന 95, നാഗപ്പൂർ 93, ഉത്ക്കൽ 62, പഞ്ചാബ് 62, ആലിഗഢ് 50, മൈസൂർ 45, കർണ്ണാടക 36, ഗൌഹാട്ടി 30.

എണ്ണത്തിൽ കേരളത്തേക്കാൽ മെച്ചമല്ലാത്തവ പാട്ന (19), സാഗർ (6), ജബൽ‌പൂർ (3) എന്നീ സർവ്വകലാശാലകൾ മാത്രമാണ്. പാട്ന കേവലം രണ്ട് വർഷങ്ങളിൽ 137 ഗവേഷണ പത്രങ്ങളുണ്ടാക്കിയെന്നുള്ളത് പ്രത്യേകം ഓർക്കണം. അവയിൽ 19 എണ്ണമാണ് വിദേശരാജ്യങ്ങളിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. അതുകൊണ്ട് അതിന്റെ പ്രവർത്തനം കേരള സർവ്വകലാശാലയുടേതിനേക്കാൾ പ്രശസ്തമാണെന്ന് കരുതണം.

സാഗറും ജബൽ‌പൂറും കേരളത്തോളം പോലും ഗവേഷണപ്രവർത്തനമില്ലാത്ത സർവ്വകലാശാലകളാണ്. എങ്കിലും നമ്മുടെ ഗവേഷകരെഴുതുന്ന ലേഖനങ്ങളിൽ 12.10 ശതമാനം മാത്രം വിദേശത്ത് പ്രസിദ്ധീകരിയ്ക്കപ്പെടുമ്പോൾ അവിടെയുള്ളവരെഴുതുന്നതിൽ യഥാക്രമം 13.64ഉം 18.76ഉം ശതമാനം വിദേശീയവിദഗ്ദ്ധന്മാരാൽ അംഗീകരിയ്ക്കപ്പെടുന്നു.

ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ഗവേഷണനിലവാരം സി.എസ്.ഐ.ആറിന്റെ സർവ്വേയിൽ പെടുന്ന 25 സർവ്വകലാശാലകളിൽ ഏറ്റവും മോശപ്പെട്ടതാണ്. ഇതാണ് വിദ്യാസമ്പന്നരും ശാസ്ത്രീയബോധവുള്ളവരും ബുദ്ധിമാന്മാരുമെന്ന് അഹങ്കരിക്കുന്ന കേരളീയരുടെ സർവ്വകലാശാലയുടെ സ്ഥിതി!

മെഡിസിൻ

പന്ത്രണ്ട് വിഷയങ്ങളിൽ നടന്ന ഗവേഷണങ്ങൾ ഈ പഠനത്തിൽ ഉൾപ്പെടുന്നുവെന്ന് പറഞ്ഞുവല്ലൊ. സ്വാഭാവികമായും ഒരു സർവ്വകലാശാല എല്ലാ വിഷയങ്ങളിലും തുല്യമായ താല്പര്യം പ്രകടിപ്പിക്കുന്നില്ല. കേരള സർവ്വകലാശാലയിൽ ഏറ്റവുമധികം ഗവേഷണം നടക്കുന്നത്, ആശ്ചര്യമെന്നു പറയട്ടെ, മെഡിസിനിലാണ്. മെഡിസിൻ വകുപ്പ് താരതമ്യേന പുതിയതാണ് എന്നതാണ് ആശ്ചര്യത്തിന് കാരണം. മെഡിസിനിൽ 45 ഗവേഷണ പ്രബന്ധങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. കൂടുതൽ പഴക്കമുള്ള വകുപ്പുകളുടെ കണക്കുകൾ നോക്കുക. ബോട്ടണി 33, കെമിസ്ട്രി 21, സുവോളഗി 20, ഫിസിക്സ് 14, സ്റ്റാറ്റിസ്റ്റിക്സ് 4, എൻ‌ജിനീയറിംഗ് 0, മാത്തമാറ്റിക്സ് 0.

(നമ്മുടെ സർവ്വകലാശാലയുടെ പ്രസിദ്ധീകരണങ്ങളിൽ മാത്രം ചേർക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾ ഇതിലുൾപ്പെടുന്നില്ല. അവയുടെ എണ്ണം താഴെ കൊടുക്കുന്നു: മെഡിസിൻ 10, ബോട്ടണി 6, കെമിസ്ട്രി 59, എൻ‌ജിനീയറിംഗ് 0, മാത്തമാറ്റിക്സ് 1, ഫിസിക്സ് 0, സ്റ്റാറ്റിസ്റ്റിക്സ് 3, സുവോളജി 44)

മെഡിസിൻ വകുപ്പിലെ ഗവേഷണ തല്പരത അഭിനന്ദനാർഹം തന്നെ. പക്ഷെ മറ്റ് സർവ്വകലാശാലകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടെയും നമ്മുടെ പ്രവർത്തനം മോശമാണ്. ലഖ്നൌ (519 ലേഖനങ്ങൾ), ആന്ധ്ര (319), ബോംബെ (211), നാഗപ്പൂർ (106), ദെൽഹി (84), ബറോഡ (77), പൂന (64), കൽക്കത്ത (51) എന്നീ സർവ്വകലാശാലകൾ നമ്മുടെ മുന്നിലുണ്ട്. ആറു വർഷങ്ങളിലായി 41 ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കിയ ശ്രീവെങ്കിടേശ്വരയും, അഞ്ചു വർഷങ്ങളിൽ 26 എണ്ണം തയ്യാറാക്കിയ ബനാറസും രണ്ട് വർഷങ്ങളിൽ 34 എണ്ണം തയ്യാറാക്കിയ പാട്നയും എണ്ണത്തിൽ പിന്നിലെങ്കിലും ഗവേഷണ പ്രവർത്തനത്തിൽ നമ്മുടെ മുന്നിലാണ്.

മെഡിസിനിൽ കേരളത്തിൽ നടക്കുന്ന ഗവേഷണത്തിന്റെ നിലവാരം മെച്ചമല്ലെന്നു വേണം കരുതുവാൻ. എന്തെന്നാൽ ലഖ്നൌ 56ഉം ബോംബെ 31ഉം ദെൽഹി 24ഉം പൂന 16ഉം ബറോഡ 12ഉം കൽക്കത്ത ഒൻപതും നാഗപ്പൂർ എട്ടും ബനാറസും ശ്രീവെങ്കിടേശ്വരയും ആറും പാട്നയും ആന്ധ്രയും രണ്ടും ലേഖനങ്ങൾ വിദേശീയമാസികകളിൽ പ്രസിദ്ധീകരിച്ചപ്പോൾ നമ്മുടെ സർവ്വകലാശാലയിൽ എഴുതപ്പെട്ടവയിൽ ഒരെണ്ണത്തിനു മാത്രമെ ആ ബഹുമതി ലഭിച്ചുള്ളു.

മറ്റ് വിഷയങ്ങളിൽ എഴുതപ്പെട്ടവയും വിദേശരാജ്യങ്ങളിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടവയുമായ ലേഖനങ്ങളുടെ കണക്കുകൾ താഴെ കൊടുക്കുന്നു.

ബോട്ടണി – ദെൽഹി 193, കൽക്കത്ത 103, ലഖ്നൌ 34, അലാഹാബാദ് 23, ഗൌഹാട്ടി 17, മദിരാശി 14, ആന്ധ്ര 13, പഞ്ചാബ് 13, ഉത്ക്കൽ 12, പൂന 9, ഉസ്മാനിയ 6, അണ്ണാമല 6, കേരളം 6.

കെമിസ്ട്രി – അലാഹാബാദ് 233, ആന്ധ്ര 159, ലഖ്നൌ 150, ജാദവ്പൂർ 148, കൽക്കത്ത 101, മദിരാശി 75, ദെൽഹി 70, ബനാറസ് 65, ബറോഡ 61, നാഗപ്പൂർ 54, അണ്ണാമല 45, ആലിഗഢ് 21, പൂന 21, പഞ്ചാബ് 20, ഉത്ക്കൽ 11, ബോംബെ 7,  ശ്രീവെങ്കിടേശ്വര 7, കേരളം 6.

സുവോളജി – ബറോഡ 58, ലഖ്നൌ 46, ശ്രീവെങ്കിടേശ്വര 46, മൈസൂർ 38, മദിരാശി 36, ഉസ്മാനിയ 31, ദെൽഹി 30, കൽക്കത്ത 25, അലാഹാബാദ് 24, ആലിഗഢ് 14, ആന്ധ്ര 14, പൂന 12, പഞ്ചാബ് 11, ബനാറസ് 10, ഉത്ക്കൽ 7, അണ്ണാമല 7, നാഗപ്പൂർ 5, പാട്ന 3, ബോംബെ 2, ജബൽ‌പൂർ 2, കർണ്ണാടക 2, സാഗർ 2, കേരളം 2.

എൻ‌ജിനീയറിംഗ് – ആന്ധ്ര 51, ബോംബെ 18, മദിരാശി 13, നാഗപ്പൂർ 12, ജാദവ്പൂർ 11, അലാഹാബാദ് 7, ഉസ്മാനിയ 6, ദെൽഹി 3, ആലിഗഢ് 2, ബനാറസ് 2, ബറോഡ 1, ഗൌഹാട്ടി 1, കേരളം 0.

മാത്തമാറ്റിക്സ് – ലഖ്നൌ 56, ദെൽഹി 49, ആന്ധ്ര 26, കൽക്കത്ത 24, ജാദവ്പൂർ 21, മദിരാശി 12, ഉത്ക്കൽ 11, ശ്രീവെങ്കിടേശ്വര 11, ഉസ്മാനിയ 9, അണ്ണാമല 7, അലാഹാബാദ് 6, കർണ്ണാടക 6, ആലിഗഢ് 5, ബനാറസ് 5, ബോംബെ 5, നാഗപ്പൂർ 5, പൂന 4, സാഗർ 4,. മൈസൂർ 3, പഞ്ചാബ് 3, പാട്ന 2, ബറോഡ 1, ഗൌഹാട്ടി 1, കേരളം 0.  

ഫിസിക്സ് – മദിരാശി 103, അലാഹാബാദ് 98, ആന്ധ്ര 89, ബോംബെ 78, അണ്ണാമല 72, ദെൽഹി 66, ഉസ്മാനിയ 49, കൽക്കത്ത 45, ബനാറസ് 37, ജാദവ്പൂർ 26, ശ്രീവെങ്കിടേശ്വര 25, ലഖ്നൌ 19, പൂന 16, ഉത്ക്കൽ 12, കർണ്ണാടക 10, ബറോഡ 7, ആലിഗഢ് 6, പഞ്ചാബ് 4, നാഗപ്പൂർ 4, കേരളം 4.

സ്റ്റാറ്റിസ്റ്റിക്സ് – ബോംബെ 23, പൂന 17, കർണ്ണാടക 16, ബറോഡ 12, അണ്ണാമല 9, ഗൌഹാട്ടി 4,. ആന്ധ്ര 3, കൽക്കത്ത 3, ലഖ്നൌ 3, ആലിഗഢ് 2, ദെൽഹി 2, മദിരാശി 2, നാഗപ്പൂർ 2, പാട്ന 2, ശ്രീവെങ്കിടേശ്വര 1, കേരളം 0.

മിക്കവാറും എല്ലാ സർവ്വകലാശാലകളും ഒന്നോ അധിലധികമോ വിഷയങ്ങളിൽ പ്രത്യേകം താല്പര്യമെടുക്കുന്നുവെന്ന് മേൽക്കൊടുത്തിരിക്കുന്ന കണക്കുകൾ വെളിപ്പെടുത്തുന്നു. കേരള സർവ്വകലാശാലയാകട്ടെ എല്ലാ വിഷയങ്ങളിലും പിന്നിലാണ്.

ഓരോ വിഷയത്തിലും നിരവധി ഉപവിഷയങ്ങളുണ്ടല്ലൊ. ചില സർവ്വകലാശാലകൾ ചില ഉപവിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്യുന്നു. കേരള സർവ്വകലാശാല ഏതെങ്കിലും ഉപവിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്യുന്നുണ്ടെങ്കിൽ അത് ബോട്ടണിയിൽ‌പ്പെട്ട സൈറ്റോജെനിറ്റിക്സ് (cytogenetics) ലും വെറ്റെറിനറി സയൻസിൽപ്പെട്ട പത്തോളജി (pathology) യിലുമാണ്.

സൈറ്റോജെനിറ്റിക്സിൽ പത്തുവർഷങ്ങളിലായി നമ്മുടെ ഗവേഷകർ 16 ലേഖനങ്ങൾ തയ്യാറാക്കിയതായി കാണുന്നു. എന്നാൽ കൽക്കത്ത ഇതേ ഉപവിഷയത്തിൽ കേവലം ഏഴു വർഷങ്ങളിലായി 115 ലേഖനങ്ങളാണ് തയ്യാറാക്കിയത്. മറ്റ് ചില സർവ്വകലാശാലകളുടെ കണക്കുകൾ കൂടി നോക്കുക. പാട്ന (രണ്ട് വർഷം) 26, പഞ്ചാബ് (ഒരു വർഷം) 10, ദെൽഹി (10 വർഷം) 30, ആന്ധ്ര (10 വർഷം) 19. അപ്പോൾ ഈ ഉപവിഷയത്തിലും നമ്മുടെ സ്ഥാനം മുൻപന്തിയിലല്ല.

വെറ്റെറിനറി സയൻസിൽ നാലു സർവ്വകലാശാലകളെ ഗവേഷണം ണടത്തുന്നുള്ളു. ഗവേഷണ പ്രബന്ധങ്ങളുടെ കണക്ക് ഇപ്രകാരമാണ്. ഉത്ക്കൽ 41, കേരളം 18, ശ്രീവെകിടേശ്വര 13, മൈസൂർ 1. ഉത്ക്കലും ശ്രീവെങ്കിടേശ്വരയും കേരളത്തെപ്പോലെ പത്തോളജിയിലാണ് സ്പെഷ്യലൈസ് ചെയ്യുന്നത്. ഈ വിഷയത്തിൽ ഉത്ക്കൽ ഗവേഷകർ 33ഉം അവരുടെ കേരളത്തിലെയും ശ്രീവെങ്കിടേശ്വരയിലെയും സഹപ്രവർത്തകർ ഏഴു വീതവും ലേഖനങ്ങളാണ് രചിച്ചിട്ടുള്ളത്. മൈസൂറിന്റെ ഏക ഗവേഷണ പ്രബന്ധവും ഈ വിഷയത്തിൽ തന്നെ.

തീരെയില്ല

എൻ‌ജിനീയറിംഗ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ‍ വിഷയങ്ങളിൽ കേരളത്തിൽ ഗവേഷണ പ്രവർത്തനം തീരെയില്ലെന്നു വേണം പറയുവാൻ.  ഈ വിഷയങ്ങളിൽ ഒരു ലേഖനം പോലും ഇന്ത്യയിലേയോ വിദേശങ്ങളിലേയോ മാസികകളിൽ നമ്മുടെ സർവ്വകലാശാലയിൽ നിന്നും പ്രസിദ്ധീകരിക്കുകയുണ്ടായിട്ടില്ല. എൻ‌ജിനീയറിംഗിൽ ഒരാൾ പോലും ഗവേഷണം നടത്തിയിട്ടില്ലെന്നതാണ് പരമാർത്ഥം. .മാത്തമാറ്റുക്സിൽ ഒരാൾ ഒരു ലേഖനമെഴുതി. പക്ഷെ അത് നമ്മുടെ സർവ്വകലാശാലയുടെ പ്രസിദ്ധീകരണത്തിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്.

സ്റ്റാറ്റിസ്റ്റിക്സിൽ ആറു പേർ ചേർന്ന് ഏഴ് ലേഖനങ്ങളെഴുതി. അവയിൽ മൂന്നെണ്ണം കേരള സർവ്വകലാശാലയുടെ പ്രസിദ്ധീകരണത്തിൽ ചേർക്കപ്പെട്ടു. മറ്റ് നാലെണ്ണവും ഇന്ത്യൻ സയൻസ് കോൺഗ്രസിൽ വായിക്കപ്പെട്ടു. ഈ വിഷയത്തിൽ പ്രശസ്തരായ അദ്ധ്യാപകർ നമ്മുടെ സർവ്വകലാശാലയിൽ ഉണ്ടായിരുന്നുവെന്ന് പ്രത്യേകം ഓർമ്മിക്കണം.

കേരള സർവ്വകലാശാലയുടെ പ്രവർത്തനം ഇത്ര പരിതാപകരമാകാനുള്ള കാരണങ്ങളെന്താണെന്ന് നാം പരിശോധിക്കണം.നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിയിൽ താല്പര്യമുള്ളവർക്കാർക്കും ഇന്നത്തെ സ്ഥിതി പൊറുക്കുവാൻ സാധിക്കുകയില്ല. എന്തെന്നാൽ നമ്മെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് നമ്മുടെ ശാസ്ത്രജ്ഞന്മാരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിദഗ്ദ്ധന്മാർ വന്ന് നമ്മുടെ പ്രശ്നങ്ങൾ പഠിച്ച് പ്രതിവിധികൾ നിർദ്ദേശിക്കുമെന്ന് കരുതുന്നത് വിഡ്ഡിത്തമാണ്.

(മാതൃഭൂമി ആഴ്ചപ്പത്പ്പ്, പുസ്തകം 43, ലക്കം 49, 1966 ഫെബ്രുവരി 20)                                                                                                                   

No comments:

Post a Comment