Thursday, December 20, 2018




ജാതീയതയുടെ തിരിച്ചുവരവ്

ബി.ആര്‍.പി. ഭാസ്കര്

‘വര്‍ഗമെന്ന മിഥ്യയും ജാതിയെന്ന യാഥാര്‍ഥ്യവും’ എന്ന തലക്കെട്ടില്‍ ഞാന്‍ കലാകൌമുദിയിലെഴുതിയ ലേഖനപരമ്പരയോട് ശ്രീ.ഇ.എം.എസ്. നമ്പൂതി  രിപ്പാട് ദേശാഭിമാനി വാരികയില്‍ പ്രതികരിക്കുകയുണ്ടായി.പ്രസക്തമായ പല വസ്തുതകളും അവഗണിച്ചുകൊണ്ടോ നിഷേധിച്ചുകൊണ്ടോ എന്റെ നിഗമനങ്ങളെ ഖണ്ഡിക്കുവാനാണ് അദ്ദേഹ൦ ശ്രമിച്ചത്. എന്റെ നേര്‍ക്ക് അദ്ദേഹ൦ ചില ചോദ്യങ്ങള്‍ തൊടുത്തുവിടുകയു൦ ചെയ്തു.അദ്ദേഹ൦ കാണാന്‍ കൂട്ടാക്കാത്ത വസ്തുതകളിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ടും അദ്ദേഹം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കുത്തരം നല്കിക്കൊണ്ടുമുള്ള ഒരു മറുപടി ഞാന്‍ ദേശാഭിമാനി പത്രാധിപര്‍ക്ക് അയച്ചു കൊടുത്തു. അത് ദേശാഭിമാനി പ്രസിദ്ധീകരിച്ചില്ല;തിരിച്ചയയ്ക്കുകയും ചെയ്തില്ല. ഈ പരിത:സ്ഥിതിയില്‍ കലാകൌമുദിയില്‍ക്കൂടിത്തന്നെ ശ്രീ. ഇ.എം.എസ്സിനു മറുപടി പറയുവാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു – ലേഖകന്‍അനല്പമായ ആശങ്കയോടെയാണ് ഞാന്‍ ഇ.എം.എസ്സിനു മറുപടി എഴുതുന്നത്.ഒന്നാമത്, ഇ.എം.എസ്സുമായി തര്‍ക്കത്തിലേര്‍പ്പെടാന്‍ ഞാന്‍ അശക്തനാണ്. കാരണം ഭാരതീയ പാരമ്പര്യത്തില്‍ തര്‍ക്കം ഒരു ബ്രാഹ്മണ കലയാണ്. ഇ.എം.എസ്സാണെങ്കില്‍, ആദിശങ്കരനുശേഷം  കേരളം കണ്ടിട്ടുള്ള ഏറ്റവും വിശിഷ്ഠനായ താര്‍ക്കികന്‍. ഞാനോ?അദ്ദേഹത്തിന്റെ മുറകള്‍ ദൂരെനിന്നു നിരീക്ഷിക്കുവാന്‍ മാത്രം കഴിഞ്ഞിട്ടുള്ള ഏകലവ്യന്‍.രണ്ടാമത്, കളിയുടെ നിയമങ്ങള്‍ എനിക്കെതിരാണ്. സവര്‍ണന് ജാതിവാദിയെന്ന ആക്ഷേപത്തിന് ഇടനല്‍കാതെ തന്നെ സ്വവര്‍ണത്തിനനുകൂലമായ നിലപാടെടുക്കാനാവും. എന്നാല്‍ അവര്‍ണന്‍ സ്വവിഭാഗത്തിനനുകൂലമായ നിലപാടെടുത്താല്‍, അതെത്ര ഉന്നതമായ തത്ത്വത്തിലധിഷ്ഠിതമാണെങ്കിലും
അയാള്‍ ജാതിവാദിയായി മുദ്ര കുത്തപ്പെടും. അപക്വ യൌവനത്തില്‍പ്പോലും ഏതെങ്കിലും ജാതിസംഘടനയുടെ ആകര്‍ഷണത്തില്‍പ്പെടാതിരുന്ന കെ ആര്‍
ഗൌരി, സാമൂഹ്യനീതിയുടെ പ്രശ്നമുയര്‍ത്തിയപ്പോള്‍ ഇ.എം.എസ് പോലും അവരെ എസ്.എന്‍.ഡി.പിക്കാരിയാക്കിയില്ലേ?രിപ്പാട് ദേശാഭിമാനി വാരികയില്‍ പ്രതികരിക്കുകയുണ്ടായി.പ്രസക്തമായ പല വസ്തുതകളും അവഗണിച്ചുകൊണ്ടോ നിഷേധിച്ചുകൊണ്ടോ എന്റെ നിഗമനങ്ങളെ ഖണ്ഡിക്കുവാനാണ് അദ്ദേഹ൦ ശ്രമിച്ചത്. എന്റെ നേര്‍ക്ക് അദ്ദേഹ൦ ചില ചോദ്യങ്ങള്‍ തൊടുത്തുവിടുകയു൦ ചെയ്തു.അദ്ദേഹ൦ കാണാന്‍ കൂട്ടാക്കാത്ത വസ്തുതകളിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ടും അദ്ദേഹം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കുത്തരം നല്കിക്കൊണ്ടുമുള്ള ഒരു മറുപടി ഞാന്‍ ദേശാഭിമാനി പത്രാധിപര്‍ക്ക് അയച്ചു കൊടുത്തു. അത് ദേശാഭിമാനി പ്രസിദ്ധീകരിച്ചില്ല;തിരിച്ചയയ്ക്കുകയും ചെയ്തില്ല. ഈ പരിത:സ്ഥിതിയില്‍ കലാകൌമുദിയില്‍ക്കൂടിത്തന്നെ ശ്രീ. ഇ.എം.എസ്സിനു മറുപടി പറയുവാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു – ലേഖകന്‍അനല്പമായ ആശങ്കയോടെയാണ് ഞാന്‍ ഇ.എം.എസ്സിനു മറുപടി എഴുതുന്നത്.ഒന്നാമത്, ഇ.എം.എസ്സുമായി തര്‍ക്കത്തിലേര്‍പ്പെടാന്‍ ഞാന്‍ അശക്തനാണ്. കാരണം ഭാരതീയ പാരമ്പര്യത്തില്‍ തര്‍ക്കം ഒരു ബ്രാഹ്മണ കലയാണ്. ഇ.എം.എസ്സാണെങ്കില്‍, ആദിശങ്കരനുശേഷം  കേരളം കണ്ടിട്ടുള്ള ഏറ്റവും വിശിഷ്ഠനായ താര്‍ക്കികന്‍. ഞാനോ?അദ്ദേഹത്തിന്റെ മുറകള്‍ ദൂരെനിന്നു നിരീക്ഷിക്കുവാന്‍ മാത്രം കഴിഞ്ഞിട്ടുള്ള ഏകലവ്യന്‍.രണ്ടാമത്, കളിയുടെ നിയമങ്ങള്‍ എനിക്കെതിരാണ്. സവര്‍ണന് ജാതിവാദിയെന്ന ആക്ഷേപത്തിന് ഇടനല്‍കാതെ തന്നെ സ്വവര്‍ണത്തിനനുകൂലമായ നിലപാടെടുക്കാനാവും. എന്നാല്‍ അവര്‍ണന്‍ സ്വവിഭാഗത്തിനനുകൂലമായ നിലപാടെടുത്താല്‍, അതെത്ര ഉന്നതമായ തത്ത്വത്തിലധിഷ്ഠിതമാണെങ്കിലും
അയാള്‍ ജാതിവാദിയായി മുദ്ര കുത്തപ്പെടും. അപക്വ യൌവനത്തില്‍പ്പോലും ഏതെങ്കിലും ജാതിസംഘടനയുടെ ആകര്‍ഷണത്തില്‍പ്പെടാതിരുന്ന കെ ആര്‍
ഗൌരി, സാമൂഹ്യനീതിയുടെ പ്രശ്നമുയര്‍ത്തിയപ്പോള്‍ ഇ.എം.എസ് പോലും അവരെ എസ്.എന്‍.ഡി.പിക്കാരിയാക്കിയില്ലേ?
പ്രതികൂല സാഹചര്യത്തിലും
ഇ.എ.എസ്സിനു മറുപടി പറയുക എന്ന സാഹസത്തിന് എന്നെ പ്രേരിപ്പിക്കു
ന്നത് പത്രപ്രവര്‍ത്തന ജീവിതത്തിന്റെ ബാല്യത്തില്‍ പഠിച്ച ഒരു പാഠമാണ് :“ വസ്തുതകള്‍ പാവനമാണ്; അഭിപ്രായം സ്വതന്ത്രവും. ”
“വര്‍ഗമെന്ന മിഥ്യയും ജാതിയെന്ന യാഥാര്‍ഥ്യവും” എന്ന തലക്കെട്ടിനെ ഇ.എം.എസ് ഇങ്ങനെ വ്യാഖ്യാനിക്കുന്നു: “അതി
പുരാതന കാലം തൊട്ടു യാതൊരു മാറ്റവും വരാതെ തുടര്‍ന്ന ഒരേര്‍പ്പാടാണു
ജാതിയെന്നും അതിന്റെ രാഷ്ട്രീയരൂപമാണു ജാതീയതയെന്നുമാണല്ലോ ഇതിനര്‍ഥം.” തുടര്‍ന്ന് അദ്ദേഹം ബുദ്ധമതം ജാതിമേധാവിത്വത്തിനെതിരെ നടത്തിയ പോരാട്ടത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ജാതിവ്യവസ്ഥ ഒരു മാറ്റവുമില്ലാതെ തുടര്‍ന്ന ഏര്‍പ്പാടല്ലെന്നു സ്ഥാപിക്കുന്നു.
ആ തലക്കെട്ടിന് ഇ.എം. എസ് നല്‍കുന്ന വ്യാഖ്യാനത്തിന് വസ്തുതാപരമായ അടിസ്ഥാനമില്ലെങ്കിലും അദ്ദേഹത്തിന്റെ വാദം എനിക്ക് ഏറെ സംതൃപ്തി നല്‍കുന്നു. എന്തെന്നാല്‍, ഏതാനും മാസം മുന്‍പ് കാലിക്കട്ട് സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തിലെടുത്ത നിലപാട് അദ്ദേഹം ഉപേക്ഷിച്ചിരിക്കുന്നു. ആ പ്രഭാഷണ
ത്തില്‍ അദ്ദേഹം ബുദ്ധനെ, തകര്‍ന്നുകൊണ്ടിരുന്ന വംശീയ വ്യവസ്ഥയുടെ രക്ഷക
നായും ആദിശങ്കരനെ, കാലഘട്ടത്തിന്റെ ആവശ്യമായ ജാതിവ്യവസ്ഥയുടെ
വളര്‍ത്തപ്പനായും ചിത്രീകരിച്ചിരുന്നു.
സവര്‍ണന് ജാതിവാദിയെന്ന ആക്ഷേപത്തിന് ഇടനല്‍കാതെ തന്നെ സ്വവര്‍ണത്തിനനുകൂലമായ നിലപാടെടുക്കാനാവും. എന്നാല്‍ അവര്‍ണന്‍ സ്വവിഭാഗത്തിനനുകൂലമായ നിലപാടെടുത്താല്‍,
അതെത്ര ഉന്നതമായ തത്ത്വത്തിലധിഷ്ഠിതമാണെങ്കിലും അയാള്‍ ജാതിവാദിയായി മുദ്രകുത്തപ്പെടും.
ഇപ്പോൾ അദ്ദേഹം ജാതിവ്യവസ്ഥ ബുദ്ധന്റെ കാലത്തിനു മുന്‍പുതന്നെ നിലനിന്നിരുന്നുവെന്നും ബൗദ്ധ-ജൈനമതങ്ങള്‍ അതിനെതിരെ ഉയര്‍ന്നുവന്ന ശക്തികളായിരുന്നുവെന്നും അംഗീകരിക്കുന്നു.
ശങ്കരന്‍ ജാതിവ്യവസ്ഥ പുനഃസ്ഥാപിച്ചതിനെക്കുറിച്ച് സര്‍വകലാശാലാ പ്രഭാഷണ
ത്തില്‍ ഇ.എം.എസ് പറഞ്ഞത് ശങ്കരന്‍ ബുദ്ധനെ ആശയസമരത്തില്‍ പരാജയപ്പെടുത്തിയെന്നാണ്. ഇപ്പോള്‍ അദ്ദേഹം പറയുന്നു: “ജാതി വ്യവസ്ഥയുടെ തലപ്പത്തിരിക്കുന്ന രണ്ടു ശക്തികളെ- ‘ബ്രാഹ്മണ്യ ‘ ത്തിന്റെ പേരിലുള്ള ആശയ
സമരത്തെയും ‘ക്ഷാത്ര’ത്തിന്റെ പേരിലുള്ള അധികാര ശക്തിയേയും -ഉപയോഗി
ച്ചാണ് ബൌദ്ധ-ജൈനമതങ്ങളെ രാജ്യത്തുനിന്ന് ഉച്ചാടനം ചെയ്തത്.”
ജാതിമേധാവിത്വവും അധികാരശക്തിയും തമ്മിലുള്ള കൂട്ടുകെട്ട് ഒരു ചെറിയ
കാലയളവില്‍ മാത്രം പ്രകടമായ പ്രതിഭാസമല്ല. അത് ഇന്നും നിലനില്‍ക്കുന്നു. അതുകൊണ്ടാണ് “ജാതിവ്യവസ്ഥ”യിലെ അധീശവര്‍ഗം ഇന്നത്തെ സാഹചര്യത്തില്‍
രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽക്കൂടി പ്രവര്‍ത്തിക്കുന്നു” എന്നു ഞാന്‍ ചൂണ്ടിക്കാണിച്ചത്.
“തകരുന്ന ജാതീയതയും വളരുന്ന വര്‍ഗസമരവും”- ഇതാണ് ഇ.എം.എസ്സിന്റെ ലേഖന
ത്തിന്റെ തലക്കെട്ട്. ഈ വാക്കുകള്‍ അരനൂറ്റാണ്ടുമുന്‍പ് കേരളത്തില്‍ നിലനിന്നി
രുന്ന സ്ഥിതിവിശേഷത്തെക്കുറിച്ചാണെങ്കിൽ ശരിയാണ്. അമ്പതുകൊല്ലം മുന്‍പ് , വിദ്യാര്‍ഥികാലത്ത് ,അന്നത്തെ സാമൂഹ്യ- രാഷ്ടീയ പ്രവണതകളുടെ വെളിച്ചത്തില്‍
ജാതീയത (ഇതില്‍ ഞാന്‍ വര്‍ഗീയതയേയും ഉള്‍പ്പെടുത്തുന്നു) തകര്‍ന്നുകൊണ്ടിരിക്കു
ന്നുവെന്നു വിശ്വസിച്ചിരുന്ന ഒരാളാണ് ഈ ലേഖകന്‍. ഇ.എം.എസ്സും അന്ന് അത്തര
ത്തിലുള്ള വിശ്വാസം പുലര്‍ത്തിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചരിത്രപ്രസിദ്ധ
മായ യോഗക്ഷേമസഭാധ്യക്ഷ പ്രസംഗത്തില്‍നിന്നു മനസ്സിലാക്കാം.
അതുതന്നെയാണ് ഇന്നത്തെയും സ്ഥിതി എന്നാണ് ഇ.എംഎസ് അവകാശപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ചുറ്റുപാടും കാണുന്നത്, നേരെമറിച്ച്, അതു കൂടുതല്‍ ശക്തിയാര്‍ജി
ച്ചു നില്‍ക്കുന്ന  കാഴ്ചയാണ്. .
ഇവിടെ ഏതാനും വസ്തുതകള്‍-വാദമോ അഭിപ്രായമോ അല്ല-ഇ.എം.എസ്സിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നു.
ഒന്ന്, അമ്പതുകൊല്ലം മുന്‍പ് ഇൻഡ്യയിലെ മുഖ്യ ഹിന്ദുത്വശക്തിയായിരുന്ന ഹിന്ദുമഹാസഭയ്ക്ക് കേരളത്തില്‍കാലുകുത്താന്‍ ഇടം ലഭിച്ചിരുന്നില്ല.ഇന്ന് ഇൻഡ്യയിലെ മുഖ്യ ഹിന്ദുത്വശക്തിയായ ഭാരതീയ ജനതാപാര്‍ട്ടി കേരളത്തില്‍ സാന്നിധ്യം സ്ഥാപിച്ചിട്ടുണ്ടെന്നു മാത്രമല്ല, ചെറുതെങ്കിലും ശ്രദ്ധാര്‍ഹമായ സ്ഥാനം നേടിയിട്ടുമുണ്ട്.
രണ്ട്, അമ്പതു കൊല്ലം മുന്‍പ് ഇൻഡ്യയിലെ മുഖ്യ ഇസ്ലാമിക രാഷ്ട്രീയ ശക്തിയായിരുന്ന മുസ്ലിം ലീഗ് കേരളത്തില്‍ സജീവമായിരു
ന്നെങ്കിലും നിര്‍ണായക ഘടകമായിരുന്നില്ല. ഇന്ന് ഇൻഡ്യയുടെ ഇതര ഭാഗങ്ങളില്‍
മുസ്ലിം രാഷ്ട്രീയ കക്ഷികള്‍ ദുര്‍ബലമാണെങ്കിലും കേരളത്തില്‍ അവയ്ക്കു
വമ്പിച്ച സ്വാധീനമുണ്ട്.അതുകൊണ്ടാണല്ലോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക നയപ്രഖ്യാപനത്തെ മറികടന്നുകൊണ്ടുപോലും അവയിലേതെങ്കിലുമായി ബാന്ധവമുണ്ടാക്കാന്‍ ഇ.എം.എസ് ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചുകൊണ്ടിരി
ക്കുന്നത്.
മൂന്ന്, അമ്പതുകൊല്ലം മുന്‍പ് ഒരു ദലിത വൃദ്ധനെ മലം തീറ്റിക്കുവാനുള്ള ധാര്‍ഷ്ട്യം തിരുവിതാംകൂറിലെ ഒരു ജാതിമൂരാച്ചിക്കും ഉണ്ടായിരുന്നില്ല. ഈയിടെ അത്തര
മൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആ ഹീന കൃത്യത്തിനെതിരെ ശക്തിയാ
യി പ്രതികരിക്കാന്‍ പ്രമുഖ രാഷ്ട്രീയകക്ഷികളൊന്നും കൂട്ടാക്കിയില്ല.
ഇതൊക്കെ, ജാതീയത തകര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ ലക്ഷണങ്ങളാണോ?
വര്‍ഗസമരം എല്ലാ സാമൂഹൃ പ്രശ്നങ്ങളും പരിഹരിക്കുമെന്ന ഇ.എം.എസ്സിന്റെ
സിദ്ധാന്തത്തെ, കഴിഞ്ഞ അമ്പതുകൊല്ലത്തെ കേരളചരിത്രം നിഷേധിക്കുന്നു. ഈ കാലഘട്ടത്തില്‍, ജാതിയുടെ കാര്യത്തില്‍ മാത്രമല്ല,സാമൂഹ്യനീതിയുമായി ബന്ധ
പ്പെട്ട പല കാര്യങ്ങളിലും കേരളജനതയുടെ പുരോഗതിക്കു കൂച്ചുവിലങ്ങിടപ്പെട്ടു.
ഉദാഹരണമായി, സ്ത്രീപദവി എടുക്കാം. കഴിഞ്ഞ അമ്പതു വര്‍ഷക്കാലത്ത് വിദ്യാഭ്യാസപരമായി കേരള സ്ത്രീകള്‍ വളരെയേറെ പുരോഗമിച്ചു. എന്നാല്‍
സമൂഹത്തിലെ അവരുടെ സ്ഥാനം അതിനൊത്തു മെച്ചപ്പെട്ടിട്ടില്ല. അര നൂറ്റാണ്ടിനു മുന്‍പുതന്നെ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ കൊടിക്കീഴില്‍ അണി
നിരന്ന സ്ത്രീകളുടെ നിരയില്‍നിന്ന് ഒരാള്‍പോലും നേതൃപദവിയിലേക്കുയര്‍ന്നി
ട്ടില്ല. കശുവണ്ടി, കയര്‍ തുടങ്ങി, സ്ത്രീകളേറെയുള്ള വ്യവസായങ്ങളില്‍പ്പോലും
ട്രേഡ് യൂണിയന്‍ നേതൃത്വം പൂര്‍ണമായും പുരുഷഹസ്തങ്ങളിലാണ്. മാര്‍ക്സിസ്റ്റ്
പാര്‍ട്ടിയിലെ സ്ത്രീ നേതാക്കളൊക്കെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രമാണി
മാരുടെ ഭാര്യമാരോ മക്കളോ ആണെന്നതും ഇവിടെ ശ്രദ്ധേയമാണ്.
ഈയിടെ ഇ.എ൦.എസ്സിന്റെ രക്ഷാധികാരത്തില്‍ നടന്ന ഒരു സെമിനാറില്‍ അദ്ദേഹ
മുള്‍പ്പെടെ പലരും സ്ത്രീകളെ നേതൃനിരയിലേക്കുയര്‍ത്തുന്നതില്‍ ഇടതുപ്രസ്ഥാനം പരാജയപ്പെട്ടുവെന്ന് ഏറ്റു പറയുകയുണ്ടായി. എന്നാല്‍ ഇതിന്റെ കാരണം കണ്ടു
പിടിക്കാന്‍ അവരാരും മെനക്കെട്ടില്ല.
വര്‍ഗസമരത്തിന്റെ സന്ദേശവുമായി ഇടതുപ്രസ്ഥാനം രംഗപ്രവേശം
ചെയ്യുന്നതിനു മുന്‍പ് സാമൂഹ്യ വിപ്ളവകാരികള്‍ പല ദുരാചാര
ങ്ങളെയും എതിര്‍ത്തു തോല്പിച്ചി
രുന്നു. വര്‍ഗസമരം വളര്‍ന്നുവെന്നു
 പറയുന്ന കാലത്ത് ഇവയില്‍ പലതും വീണ്ടും തലപൊക്കി. ഇന്ന് സ്ത്രീധനം,വിവാഹ ധൂര്‍ത്ത് തുടങ്ങിയവ സര്‍വസാധാരണമായി
രിക്കുന്നു.ബൂര്‍ഷ്വാ വിഭാഗത്തിനി
ടയില്‍ മാത്രമല്ല, തൊഴിലാളികള്‍ക്കി
ടയിലും ഇവ നിലനില്‍ക്കുന്നു.
ഈ അമ്പതുവര്‍ഷക്കാലത്തു തന്നെ കേരളത്തിലെ ആദിവാസികള്‍ പരമ്പരാഗത
മായി വച്ചനുഭവിച്ചിരുന്ന വനഭൂമി വന്‍തോതില്‍ അപഹരിക്കപ്പെട്ടു. ഈ വഞ്ചനയ്ക്ക്
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയടക്ക൦ എല്ലാ പ്രമുഖ രാഷ്ട്രീയ കക്ഷികളും കൂട്ടുനിന്നു. ഏതു വര്‍ഗസമര സിദ്ധാന്തമാണ് ആദിവാസിയുടെ ഭൂമി പിടിച്ചെടുക്കാന്‍ കുടിയേറ്റക്കാരനെ
അനുവദിക്കുന്നത് ?
വര്‍ഗസമരത്തില്‍ക്കൂടി വിഭാഗീയ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താമെന്ന ഇ.എം.എസ്സിന്റെ വിശ്വാസത്തെ സോവിയറ്റ് യൂണിയന്റെയു൦ കിഴക്കന്‍ യൂറോപ്പിലെ
 രാജ്യങ്ങളുടെയു൦ അ നുഭവവും പിന്തുണയ്ക്കുന്നില്ല.കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നതോടെ ഈ രാജ്യങ്ങളിലെല്ലാം വിഭാഗീയ ശക്തികള്‍ പുറത്തു വന്നു തുറന്ന പോരാട്ടത്തിലേര്‍പ്പെട്ടു. കേരളത്തില്‍ അവശേഷിക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍ക്ക്
ഇവിടത്തെ ബൂര്‍ഷ്വാകളെ, ജാതിതിരിച്ചു കുറ്റപ്പെടുത്തുന്ന ഇ.എം.എസ് നാല്പതും
എഴുപതും വര്‍ഷത്തെ കമ്യൂണിസ്റ്റ്ഭ രണത്തിനുശേഷവും ഈ രാജ്യങ്ങളില്‍ അവശേ
ഷിക്കുന്ന വിഭാഗീയതയ്ക്ക് ഏതു ബൂര്‍ഷ്വായെ കുറ്റപ്പെടുത്തുമോ ആവോ?
കഴിഞ്ഞ നൂറുവര്‍ഷക്കാലത്തെ കേരളചരിത്രത്തെ രണ്ടായി വേര്‍തിരിക്കാം. ആദ്യ
ത്തെ അര നൂറ്റാണ്ടു കാലത്ത് ജാതീയത തളര്‍ന്നുകൊണ്ടിരുന്നു. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ ഈ
കാലത്തെ “സാമൂഹ്യ വിപ്ളവത്തിന്റെ അര നൂറ്റാണ്ട്’ എന്നു വിളിക്കാം. ഇത് വിമോചനത്തിന്റെ കാലമായിരുന്നു. രണ്ടാമത്തെ അര നൂറ്റാണ്ടു കാലത്ത് ജാതീയത
വീണ്ടും വളരാന്‍ തുടങ്ങി. സാമൂഹ്യവിപ്ളവത്തില്‍ക്കൂടി മോചനം നേടിയ ജന
വിഭാഗങ്ങള്‍ പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ തളച്ചിടപ്പെട്ട ഈ കാലത്തെ “പ്രതിവിപ്ളവത്തിന്റെ അരനൂറ്റാണ്ട്” എന്നു വിളിക്കാം. ഇത് പുനരടിമവത്കരണ
ത്തിന്റെ കാലമാണ്.
ആദ്യപകുതിയിലെ മാറ്റങ്ങളുടെ പിന്നിലെ പ്രേരകശക്തി ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങളായിരുന്നു. ശ്രീനാരായണനില്‍ നിന്നു പ്രചോദനം നേടി മുന്നോട്ടു കുതിച്ച അവശലക്ഷങ്ങള്‍ ആദ്യം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരത്തിനും
പിന്നീടു കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള വിപ്ളവ പ്രസ്ഥാനത്തിനും ശക്തിപകര്‍ന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.എം.എസ്, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയടക്കമുള്ള ഇടതുപക്ഷപ്രസ്ഥാനം ശ്രീനാരായണ പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാരാണെന്ന് അവകാശപ്പെടുന്നത്.
ജാതീയതയെ തുടച്ചുനീക്കുകയെന്നത് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ മുഖ്യ ലക്ഷ്യമായിരുന്നു. ജാതീയത തകരുകയും ജാതിരഹിത സമൂഹം അനതിവിദൂര
ഭാവിയില്‍ യാഥാര്‍ഥ്യമാകുമെന്ന വിശ്വാസം ശക്തി പ്രാപിക്കുകയും ചെയ്ത
വേളയിലാണ് സാമൂഹ്യവിപ്ളവ പടയാളികള്‍ ഇടതുപക്ഷനേതൃത്വം സ്വീകരിച്ചത്. ജാതിമേധാവിത്വത്തിനെതിരായ സമരം മുന്നോട്ടു കൊണ്ടു പോകുവാന്‍ പുതിയ
നേതൃത്വം കൂട്ടാക്കിയില്ല. വര്‍ഗസമരം എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുമെന്ന
വിശ്വാസത്തില്‍ ഇടതുപക്ഷ പ്രസ്ഥാനം സാമൂഹ്യ പ്രശ്നങ്ങളെ പാടേ അവഗണിച്ചു.
അതോടെ സാമൂഹ്യവിപ്ളവം നിലച്ചു. അത് ജാതിമേധാവിത്വത്തിന്റെ തിരിച്ചു
വരവിനു വഴിയൊരുക്കി. ഇ.എം.എസ് ഈ വസ്തുത കാണാന്‍ കൂട്ടാക്കുന്നില്ല. എന്നു തന്നെയല്ല,ശ്രീനാരായണ സന്ദേശങ്ങള്‍ അപ്രസക്തമായിരിക്കുന്നുവെന്നു പ്രഖ്യാപിച്ചു
കൊണ്ട് അദ്ദേഹം അവയ്ക്കെതിരെ ആശയസമരം ആരംഭിച്ചിരിക്കുന്നു.
ദേശാഭിമാനിയില്‍ ഇ.എ൦.എസ് ഈയിടെ എഴുതിയ “ശ്രീനാരായണ സന്ദേശം: മൂന്നു മുഖങ്ങള്‍‘ എന്ന ലേഖനം ഈ ആശയസമരത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. കഴിഞ്ഞ ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം നിരസിച്ചതിനുള്ള കാരണം വിശദീകരിക്കാനെഴുതിയ ആ ലേഖനത്തില്‍ ഇ.എം.എസ് എഴുതുന്നു: “അദ്ദേഹത്തിന്റെ(ശ്രീനാരായണന്റെ) സന്ദേശങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നും കേരളത്തിന്റെ ഇനി അങ്ങോട്ടുള്ള വളര്‍ച്ചയ്ക്ക് ശ്രീനാരായണന്‍ വഴികാണിക്കുന്നുവെന്നും മറ്റും പറയുന്നതിനോട് എനിക്കു യോജിക്കാന്‍ കഴിയുകയില്ല.”
ശ്രീനാരായണന്റെ ഏതു സന്ദേശങ്ങളാണ് അപ്രസക്തമായിരിക്കുന്നതെന്ന് ഇ.എം.എസ് പറയുന്നില്ല. അവ മുഴുവനും കാലഹരണപ്പെട്ടുവെന്ന് അദ്ദേഹം കരുതുന്നുണ്ടെന്നു
തോന്നുന്നു.
ശ്രീനാരായണ സന്ദേശങ്ങളുടെ പ്രചോദനത്തിലാരംഭിച്ച സാമൂഹ്യവിപ്ളവത്തെ
പൂര്‍ണ വിജയത്തിലെത്തും മുന്‍പ് ഇടതുപക്ഷ നേതൃത്വം ഉപേക്ഷിച്ചതുകൊണ്ടാണ് സവര്‍ണമേധാവിത്വത്തിന് ഇന്ന് രാഷ്ട്രീയകക്ഷികളില്‍ക്കൂടി അധികാരം നില
നിര്‍ത്താനും അധികാരശക്തി ഉപയോഗിച്ച് അവശവിഭാഗങ്ങള്‍ക്കു സാമൂഹ്യനീതി നിഷേധിക്കാനും കഴിയുന്നത്. രാഷ്ട്രീയ കക്ഷികള്‍ പ്രതിനിധാനം ചെയ്യുന്ന
 “ക്ഷാത്ര”ത്തിന് ആശയസമരത്തില്‍ക്കൂടി “ബ്രാഹ്മണ്യത്തി”ത്തിന്റെ പിന്തുണ
 നല്കുകയാണു് ഇ.എം.എസ് ചെയ്യുന്നത്.
ശ്രീനാരായണ പ്രസ്ഥാനത്തെപ്പറ്റി ഇ.എം.എസ് പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളിൽ
പലതും വസ്തുതകള്‍ക്കു നിരക്കുന്നതല്ല. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ “തൊഴിലാളി കര്‍ഷകാദി സംഘടിത വിപ്ലവ പ്രസ്ഥാനത്തെ അപേക്ഷിച്ച് താണ പടിയിൽ
കിടക്കുന്നതാണ് ശ്രീനാരായണ പ്രസ്ഥാനം.
ദേശാഭിമാനി ലേഖനത്തില്‍ അദ്ദേഹം പറയുന്നു:
“ശ്രീനാരായണൻ അന്തരിച്ചതിനുശേഷം അതേവരെ അദ്ദേഹത്തിന്റെ പിന്‍ഗാമികളാ
യിരുന്ന കേരളത്തിലെ ജനലക്ഷങ്ങളും എന്നെപ്പോലുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും ശ്രീനാരായണപ്രസ്ഥാനത്തില്‍‍ നിന്നു മുന്നോട്ടു പോയി. ‘ജാതി ചോദിക്കരുത്,
പറയരുത്’എന്ന ശ്രീനാരായണ സന്ദേശത്തെ വിപുലപ്പെടുത്തി ജാതിക്കു ഭൌതികാ
ടിത്തറ നല്കിയ ജന്മി-നാടുവാഴി മേധാവിത്വത്തിനെതിരേ ജനങ്ങളെ അണിനിരത്തി
അവരുടെ പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിച്ചു. അതാണ് തിരുവിതാംകൂറി
ലെയും കൊച്ചിയിലെയു൦ ഉത്തരവാദഭരണ പ്രസ്ഥാനമായും വൈക്കത്തും
ഗുരുവായൂരും നടന്ന ക്ഷേത്ര സത്യഗ്രഹമായും വളര്‍ന്നുവന്നത്.”
ശ്രീനാരായണന്‍ അന്തരിക്കുന്നതുവരെ ഇ.എം.എസ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്നെന്നും ശ്രീനാരായണന്റെ കാലശേഷം ഇ.എം.എസ്സും കൂട്ടുകാരും വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയ സമര പരിപാടികളില്‍
ക്കൂടി ശ്രീനാരായണ പ്രസ്ഥാനത്തെ ഉയര്‍ത്തുകയും വിപുലപ്പെടുത്തുകയും ചെയ്തു
വെന്നുമുള്ള ഈ അവകാശവാദത്തില്‍ എത്രമാത്രം വാസ്തവമുണ്ട്?
1924-ല്‍ വൈക്കം സത്യഗ്രഹം ആരംഭിച്ചപ്പോള്‍ ശ്രീനാരായണന്‍ അന്തരിച്ചിരുന്നില്ല.അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് സത്യഗ്രഹം ആരംഭിച്ചത്. സത്യഗ്രഹം നടന്നുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹ൦ വൈക്കം സന്ദര്‍ശിച്ച് സത്യഗ്രഹികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
കുറൂര്‍ നീല
കണ്ഠന്‍ നമ്പൂതിരിപ്പാട്,
കെ.പി. കേശവ
മേനോന്‍, മന്ന
ത്ത് പദ്മനാഭന്‍,
സി. കുട്ടന്‍ നായർ തുടങ്ങി ഒട്ടേറെ
 പ്രമുഖര്‍ വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തു.
അക്കൂട്ടത്തില്‍ ഇ.എം.എസ് ഉണ്ടായിരുന്നില്ല. അന്ന് അദ്ദേഹം കേവലം 15 വയസ്സുള്ള ബാലനായി
രുന്നു. എങ്കിലും യോഗക്ഷേമ സഭയുടെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നു. ഗുരുവാ
യൂര്‍ സത്യഗ്രഹ൦ 1931-ലായിരുന്നു. അപ്പോഴേക്കും ശ്രീനാരായണന്‍ അന്തരിച്ചിരുന്നു.
ഈ സത്യഗ്രഹത്തിലും കെ.കേളപ്പന്‍, പി. കൃഷ്ണപിള്ള,എ.കെ.ഗോപാലന്‍ തുടങ്ങി
പല സവര്‍ണരും പങ്കെടുത്തു. അവരുടെ കൂട്ടത്തിലും ഇ.എം.എസ് ഉണ്ടായിരുന്നില്ല.
എന്നു തന്നെയല്ല,അദ്ദേഹത്തിന് സത്യഗ്രഹത്തോട് അനുഭാവമേ ഉണ്ടയിരുന്നില്ല.
ഇ.എ൦.എസ് അന്ന് 22 വയസ്സുളള യുവാവായിരുന്നു. അന്നത്തെ മനോഭാവം അദ്ദേഹം “ആത്മകഥ”യിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “…ക്ഷേത്രത്തിനകത്തെ അന്തരീക്ഷത്തില്‍ അസഹ്യമായൊന്നും അന്നെനിക്കു തോന്നിയില്ലെങ്കില്‍ അതില്‍ അദ്ഭുതമില്ലല്ലോ. സ്കൂളിലും കോളെജുകളിലും ചേര്‍ന്നു പഠിക്കുക;വിവാഹ
സമ്പ്രദായത്തിലും കുടുംബവ്യവസ്ഥയിലും മറ്റും ചില പരിഷ്കാരങ്ങള്‍ വരുത്തുക,
ദൈനംദിന ജീവിതത്തില്‍ അയിത്താചാരങ്ങള്‍ക്കുള്ള കര്‍ക്കശത്വം കുറയ്ക്കുക
മുതലായവ മാത്രമേ പുരോഗമന ചിന്താഗതിയുടെ ഭാഗമായി ഞാനന്നു കണ്ടിരു
ന്നുള്ളൂ; ജാതിവുവസ്ഥയാകെ തകര്‍ക്കുകയെന്ന ആശയം വേരൂന്നിക്കഴിഞ്ഞിരു
ന്നില്ല. ദേവാരാധന, ക്ഷേത്ര കര്‍മങ്ങള്‍,ഇവയെ നിയന്ത്രിക്കുന്ന പ്രമാണ ഗ്രന്ഥങ്ങള്‍,
ആചാര നടപടികള്‍ മുതലായവയുടെ കാര്യത്തില്‍ പുരോഗമനത്തിന്റേതായ
സമീപനം എനിക്കന്നില്ലായിരുന്നു.”
മുപ്പതുകളുടെ മധ്യത്തില്‍ ജാതിരഹിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന
ലക്ഷ്യം വി.ടി.ഭട്ടതിരിപ്പാടുള്‍പ്പെടെയുള്ള പുരോഗമന ചിന്താഗതിക്കാരായ
നമ്പൂതിരി സമുദായാംഗങ്ങള്‍ സ്വീകരിച്ചു. മിശ്രവിവാഹം, ‌ജാതിമത ഭേദം കൂടാതെ ഒന്നിച്ചുള്ള താമസം തുടങ്ങിയ പരിപാടികളില്‍ക്കൂടി ഈ ലക്ഷ്യം നേടാനാവുമെന്നവര്‍ കരുതി.
ജാതി വൃവസ്ഥയാകെ തകര്‍ക്കുകയെന്ന ആശയം ഇ.എം.എസ്സില്‍ അന്നും വേരൂന്നിക്കഴിഞ്ഞിരുന്നില്ല. അദ്ദേഹം വി.ടിയുടെ പ്രസ്ഥാനത്തില്‍ ചേര്‍ന്നില്ല.
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തില്‍ മൂന്നു ധാരകള്‍ ഒന്നു ചേര്‍ന്നതായി
കാണാം. ഒന്ന് ,സാമൂഹ്യ വിപ്ളവ പ്രസ്ഥാനത്തിന്റെ അനുഭവ സമ്പത്തുണ്ടായിരുന്ന
വര്‍ (ഇവരില്‍ പി. കൃഷ്ണപിള്ളയും എ.കെ. ജിയും ഉള്‍പ്പെടും); രണ്ട്,സവര്‍ണ പരിഷ്ക
രണ പ്രസ്ഥാനങ്ങളില്‍ക്കൂടി വന്നവര്‍ (ഇവരില്‍ ഇ.എം.എസ് ഉള്‍പ്പെടും.) മൂന്ന്, സാമൂഹ്യപ്രശ്നങ്ങളുമായി ഒരുവിധത്തിലു൦ പരിചയപ്പെടാതെ രാഷ്ട്രീയത്തിലിറങ്ങി
യവര്‍ (ബഹുഭൂരിപക്ഷം മാര്‍ക്സിസ്റ്റുകളും ഈ വിഭാഗത്തില്‍പ്പെടും). ഒന്നാമത്തെ
വിഭാഗം അപ്രത്യക്ഷമായതോടെ സാമൂഹ്യ പ്രശ്നങ്ങളുടെ പ്രസക്തി പൂര്‍ണമായും മനസ്സിലാക്കാന്‍ കഴിയുന്നവര്‍ പ്രസ്ഥാനത്തിലില്ലാതായി.
ശ്രീനാരായണന്റെ സന്ദേശങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ ഇ.എം.എസ്സിനു കഴിയുന്നില്ല. സമഗ്രമായ സാമൂഹ്യ വിപ്ളവമായിരുന്നു ശ്രീനാരായണന്റെ ലക്ഷ്യം.വിദ്യാഭ്യാസ൦,ആരോഗ്യം, സമ്പദ് വ്യവസ്ഥ എന്നിങ്ങനെ വിവിധ തുറകളില്‍ സാമൂഹ്യ പുരോഗതിക്ക് അദ്ദേഹം പാതകള്‍ വെട്ടിത്തുറന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊള്ളുന്നതിനു മുന്‍പുതന്നെ ശ്രീനാരായണീയര്‍ തൊഴിലാളികളെ ട്രേഡ് യൂണിയനടിസ്ഥാനത്തില്‍ സംഘടിപ്പിച്ചു.
1888ലെ അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠയെത്തുടര്‍ന്ന് പല ക്ഷേത്രങ്ങളും സ്ഥാപിച്ച ശ്രീനാരായണന്‍ 1917ല്‍, ‘ഇനി ക്ഷേത്ര നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് ഉപ
ദേശിച്ചു. അദ്ദേഹം പറഞ്ഞു: “ക്ഷേത്രം ജാതിവൃത്യാസത്തെ അധികമാക്കുന്നു. ഇനി ജനങ്ങള്‍ക്കു വിദ്യാഭ്യാസം കൊടുപ്പാന്‍ ശ്രമിക്കണം. അവര്‍ക്ക് അറിവുണ്ടാകട്ടെ. അതുതന്നെയാണ് അവരെ നന്നാക്കുവാനുളള മരുന്ന്.”
കെ. അയ്യപ്പന്റെ സഹോദര സംഘത്തിന് ഒരു സന്ദേശം ആവശ്യപ്പെട്ടപ്പോള്‍ ശ്രീ
നാരായണന്‍ എഴുതിക്കൊടുത്തു: “മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിനു യാതൊരു ദോഷവുമില്ല.”
തികച്ചു൦ ഫ്യൂഡല്‍ രീതിയിലുള്ള വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് സാമൂഹ്യ‌ പരിഷ്കരണത്തിലേര്‍പ്പെട്ടിരുന്ന തന്റെ അനുയായികള്‍ക്ക് ശ്രീനാരായണഗുരു നല്‍
കിയ നിര്‍ദേശങ്ങളില്‍, കൃഷി,കച്ചവടം,കൈത്തൊഴില്‍ ഇവ അഭിവൃദ്ധിപ്പെടുത്തു
ന്നതിനും മിതവ്യയം പരിശിലീക്കുന്നതിനും സ്ത്രീ-പുരുഷന്മാരെ പ്രോത്സാഹിപ്പി
ക്കുവാനും ആവശ്യപ്പെട്ടു. ആവശ്യമുള്ള ദിക്കുകളില്‍ വൃവസായശാലകള്‍ ഏര്‍പ്പെടുത്തുവാനും ശാസ്ത്രീയ രീതിയില്‍ വൃവസായം പഠി പ്പിക്കുവാനും
അദ്ദേഹം ഉപദേശിച്ചു. ഇത് 1905-ലായിരുന്നു. ഏതാണ്ട് നാല്പതുവര്‍ഷത്തിനുശേഷം
 ഇ.എം.എസ് യോഗക്ഷേമ സഭയിൽ ചെയ്ത അധ്യക്ഷപ്രസംഗത്തില്‍ ഇതേ ആശയ
ങ്ങള്‍ കാണാം. ഇവയേക്കാള്‍ വിപുലവും ഉയര്‍ന്നതും പുരോഗമനപരവുമായ ഒന്നും
അതില്‍ കാണാനുമില്ല.
ശ്രീനാരായണന്റെ ഉപദേശങ്ങള്‍ ചെവിക്കൊണ്ടാണ് അദ്ദേഹത്തിന്റെ ചില അനു
യായികള്‍ വൃവസായങ്ങളാരംഭിച്ചതും (ഇവരില്‍ ആലുവായില്‍ ഓടുനിര്‍മാണശാല
 തുടങ്ങിയ മഹാകവി കുമാരനാശാന്‍ ഉള്‍പ്പെടുന്നു) മറ്റു ചിലര്‍ തൊഴിലാളികളെ സംഘടിപ്പിച്ചതും. (ഇ.എം.എസ് ഈഴവ ബൂര്‍ഷ്വാ എന്നു വിശേഷിപ്പിച്ച എം.കെ.
രാഘവന്‍ ഈ പരമ്പരയിൽ പെടുന്നു).
വിശാലവു൦ സമഗ്രവുമായ ശ്രീനാരായണ പ്രസ്ഥാനവുമായി തുലനം ചെയ്യുമ്പോള്‍
അതിന്റെ വളര്‍ച്ചയെത്തിയ രൂപമെന്ന് ഇ.എം.എസ് വിശേഷിപ്പിക്കുന്ന ഇടതുപക്ഷ
പ്രസ്ഥാനം സങ്കുചിതമാണ്. കഴിഞ്ഞ അറുപതു കൊല്ലത്തിലേറെയൂ൦ അത് “ഇക്കണോമിസ”ത്തിന്റെ ഇടുങ്ങിയ ചട്ടക്കൂട്ടിലൊതുങ്ങി നിന്നു.ഇ.എം.എസ്
ഉള്‍പ്പെടെ പല കമ്യൂണിസ്റ്റ് ബുദ്ധിജീവികളും ഈ കാലഘട്ടത്തില്‍ സാഹിത്യ-
സാംസ്കാരിക മണ്ഡലങ്ങളില്‍ വൃവഹരിച്ച കാര്യം വിസ്മരിക്കുന്നില്ല. ആ ഇടപെടലു
കള്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുക എന്ന പരിമിത ലക്ഷ്യ
ത്തോടെ നടത്തിയവയായിരുന്നു. അധികാരം എന്ന രാഷ്ട്രീയ ലക്ഷ്യത്തിന് പ്രത്യ
ക്ഷത്തില്‍ പ്രയോജനകരമല്ലാത്ത ഒരു പരിഷ്കാരത്തിലും ഇടതുപക്ഷ നേതൃത്വ
ത്തിനു താത്പര്യമുണ്ടായിട്ടില്ല. അതുകൊണ്ടാണ് തൊഴിലാളികള്‍ക്കിടയിലുള്ള
വിവാഹ ധൂര്‍ത്ത്, സ്വര്‍ണപ്രേമം തുടങ്ങിയവയെ നിരുത്സാഹപ്പെടുത്താന്‍ അത്
ഒന്നും ചെയ്യാത്തത്.
വികസനം, സ്ത്രീ സ്വാതന്ത്ര്യ൦,
വിദ്യാഭ്യാസം തുടങ്ങിയവ
ഇ.എം.എസ് ഇപ്പോള്‍ മാര്‍ക്സിസ്റ്റ്
പാര്‍ട്ടിയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറുപതു
കൊല്ലം വര്‍ഗ സമരം നടത്തിയ
ശേഷമാണ് അദ്ദേഹവും കൂട്ടരും
ഈ വിഷയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയത്. അദ്ദേഹം
ഇടുങ്ങി യതും താണതും എന്നു
പുച്ഛിക്കുന്ന ശ്രീനാരായണ
പ്രസ്ഥാനം ഇവയുടെ പ്രാധാന്യം ഒരു നൂറ്റാണ്ടു മുന്‍പു മനസ്സിലാക്കിയിരുന്നു.
ശ്രീനാരായണന്റെ മാനവികതയും ഇ.എം.എസ് ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗമൌലി
കതയും തമ്മിലുള്ള അന്തരം മദ്യവൃവസായത്തൊഴിലാളികളുടെ ഭാവിയെക്കുറിച്ചുള്ള അവരുടെ വ്യത്യസ്ത സങ്കല്പങ്ങളില്‍ പ്രതിഫലിക്കുന്നു. മദ്യം വിഷമാണ്; അതുണ്ടാക്കരുത്,കൊടുക്കരുത്, കുടിക്കരുത്” എന്നു ശ്രീനാരായണന്‍ നിര്‍ദേശിച്ചു. “ചെത്തുകാരന്റെ ദേഹം നാറും,തുണി നാറും, വീടു നാറും,അവന്‍ തൊട്ടതെല്ലാം 
നാറും” അദ്ദേഹം പറഞ്ഞു. മറ്റ് ഉപജീവനമാര്‍ഗമില്ലാത്തതുകൊണ്ടാണ് ചെത്തുകാര്‍
ആ തൊഴിലില്‍ തുടരുന്നതെന്ന് ഒരാള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ‘ചെത്തിനുള്ള കത്തി യില്‍നിന്നു നാലു ക്ഷൌരക്കത്തികളുണ്ടാക്കി മാനമായി ജീവിക്കാം’ എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ചെത്തുകാരെ ആ തൊഴിലില്‍ തളച്ചിടുന്ന സമീപനമാണ് ഇ.എ൦.
എസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടേത്.ക്ഷേമനിധിയില്‍ക്കൂടി ഉണ്ടായിട്ടുള്ള നേട്ടം ചെത്തുകാരായി തുടരുന്നതില്‍ അവര്‍ക്കു സ്ഥാപിത താത്പര്യമുണ്ടാക്കുന്നു. ചെത്തുകാര്‍ക്ക് മറ്റെന്തെങ്കിലും മാന്യമായ തൊഴില്‍ നല്‍കുന്നതിനു സമ്മര്‍ദം ചെലുത്തുന്നതിനു പകരം,അവരുടെ തൊഴില്‍ സംരക്ഷിക്കുവാന്‍ മദ്യവ്യവസായം നിലനിറുത്തണമെന്ന് ഇ.എം.എസ് വാദിക്കുന്നു. ചെത്തുകാരെ മനുഷ്യനാക്കുവാന്‍ വെമ്പല്‍ കൊണ്ട ശ്രീനാരായണന്റെ സമീപനത്തെ നികൃഷ്ടമെന്നും ചെത്തുകാരനെ ചെത്തുകാര
നാക്കി നിലനിര്‍ത്തുവാനുള്ള ഇ.എം.എസ്സിന്റെ വര്‍ഗ സമീപനം ഉല്‍കൃഷ്ടമെന്നും
പറയാനുള്ള ചങ്കൂറ്റം എനിക്കില്ല.
വര്‍ഗം മിഥ്യയും ജാതി യാഥാര്‍ഥ്യവുമാണെങ്കില്‍ എന്‍.ഡി.പിയുടെയും എസ്.ആര്‍.
പി യുടെയും എസ്.എന്‍.ഡി.പിയുടെയും ഗൗരിയമ്മയുടെയുമൊക്കെ സ്ഥിതി, എന്തുകൊണ്ടു ദയനീയമായിരിക്കുന്നു?  ഇതാണ് ഇ.എം.എസ് എന്റെ നേര്‍ക്കു തൊടുത്തു വിടുന്ന
ഒരു ചോദ്യം . ജാതീയത തകരുകയും വര്‍ഗസമരം വളരുകയും ചെയ്യുന്നതു
കൊണ്ടാണ് ഇവരുടെയൊക്കെ സ്ഥിതി ദയനീയമായിരിക്കുന്നതെന്നാണല്ലോ
അദ്ദേഹം സൂചിപ്പിക്കുന്നത്. അങ്ങനെയാണെങ്കില്‍, മുസ്ലിം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും സ്ഥിതി അത്ര ദയനീയമല്ലാത്തതെന്തുകൊണ്ടാണ്?
മൂന്നര ദശാബ്ദംമുന്‍പ് ഏതാണ്ട് ഒറ്റയ്ക്കു പോരാടി അധികാരത്തിലേറാന്‍ കഴിഞ്ഞ
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ന് മുന്നണിയുടെ പൊയ്ക്കാലുകളില്‍ നില്‍ക്കേണ്ടി വന്നിരിക്കുന്നതെന്തുകൊണ്ടാണ്?
ഇ.എം.എസ്സും അദ്ദേഹത്തിന്റെ അനുയായികളും സാങ്കല്പിക വര്‍ഗ ശത്രുക്കള്‍ക്കെ
തിരേ പോരാടിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ ഏതാണ്ട് അസ്തപ്രായമായിരുന്ന ജാതിമേധാവിത്വം വീണ്ടും ശക്തിപ്രാപിച്ച് തിരിച്ചുവരവു നടത്തി എന്ന വസ്തുത ചൂണ്ടിക്കാണിക്കുക മാത്രമാണ് ഈ ലേഖകന്‍ ചെയ്തത്.ഇതിന്, അദ്ദേഹം 
ദേശാഭിമാനിയില്‍ സൂചിപ്പിക്കുന്നതുപോലെ,അസൂയാര്‍ഹമായ ചങ്കൂറ്റമൊന്നും 
വേണ്ട; ബൌദ്ധിക സത്യസന്ധതയൊന്നു മാത്രം മതി.
(കലാകൌമുദി, 1995 മേയ് 28)"

ഈ ലേഖനം "ഈ.എം.എസും ജാതിയും: തര്‍ക്കം ഒരു ബ്രാഹ്മണകലയാകുന്ന
തെങ്ങനെ?" എന്നാ തലക്കെട്ടില്‍ ഉത്തരകാലം വെബ്സൈറ്റ് 2018 ജനുവരി 
7ന് പുന:പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ കൊടുത്തിട്ടുള്ള ചിത്രങ്ങള്‍ 
ഉത്തരകാലം വെബ്സൈറ്റില്‍ നിന്നുമാണ്.

No comments:

Post a Comment