Sunday, December 25, 2016



മീര അശോക്‌
തിരുവനന്തപുരം നഗരത്തിന്റെ സാംസ്കാരിക പരിസരത്തെ സജീവമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്കർ കുടുംബസമേതം ചെന്നൈയ്ക്ക്‌ താമസം മാറ്റുന്നു. മകളുടെ കുടുംബത്തോടൊപ്പം കഴിയാൻ.
പോകും മുമ്പ്‌ അദ്ദേഹത്തെ ഒന്നുകാണണം എന്ന ആഗ്രഹത്തിന്‌ പെട്ടെന്ന്‌ ചിറകുമുളച്ചു. ബീനയും ബൈജു ചന്ദ്രനും ഉണ്ട്‌. (മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ കെ എ ബീനയും ഡൽഹി ദൂരദർശൻ ഡെപ്യൂട്ടി ഡയറക്ടർ ബൈജു ചന്ദ്രനും) സരിതച്ചേച്ചിയും (സ്പെഷ്യൽ കറസ്പോണ്ടന്റ്‌ ഫിനാൻഷ്യൽ എക്സ്പ്രസ്‌) ഗീതാ നസീറും വരുന്നു. കാറിൽ നേരേ സാറിന്റെ വീട്ടിലേയ്ക്ക്‌. “ഡേറ്റ്‌ ലൈൻ” എന്ന പുസ്തകത്തിനുവേണ്ടി സാറിന്റെ അഭിമുഖം തയ്യാറാക്കുവാനായി ഞാനവിടെ കുറേ സമയം ചെലവഴിച്ചിട്ടുണ്ട്‌. ബക്കർ മോഡൽ വീടാണ്‌ ബീന ഓർമ്മകളിൽപ്പരതി പറഞ്ഞു. ഒരുപാടൊന്നും അന്വേഷിച്ചില്ല ‘ശിൽപം’ എന്ന വീട്‌ കണ്ടെത്താൻ. ബെല്ലടിച്ചപ്പോൾ കതകുതുറന്ന പ്രായമായ സ്ത്രീ പറഞ്ഞു. സാറ്‌ പുറത്തുപോയിരിക്കുന്നു. എല്ലാം പായ്ക്കുചെയ്തുവച്ചിരിക്കുന്നു. നാളെയാണ്‌ യാത്ര. അതുകൊണ്ട്‌ പുറത്തുനിന്നാണ്‌ ഉച്ചയ്ക്ക്‌ ഭക്ഷണം. ഫോണിൽ വിളിച്ച്‌ അനുവാദം വാങ്ങാത്തതിന്‌ ബൈജു കണ്ണുരുട്ടിയെങ്കിലും ഞങ്ങളത്‌ കണ്ടില്ലെന്ന്‌ നടിച്ചു. നമുക്ക്‌ അവിടെപ്പോയി സാറിനെക്കാണാം ഫോൺ വിളിയ്ക്ക്‌. സരിതച്ചേച്ചി പറഞ്ഞു. ബൈജുതന്നെ വിളിച്ചു. നിങ്ങളിങ്ങോട്ടു പോന്നോളു. അനുവാദം കിട്ടി. പടിഞ്ഞാറെകോട്ട ലക്ഷ്യമാക്കി വണ്ടിതിരിച്ചു.
‘വില്ലമായ’യിലെ സൗമ്യമായ അന്തരീക്ഷത്തിലിരുന്ന്‌ അദ്ദേഹം ഞങ്ങളോട്‌ സംസാരിച്ചു. ഭക്ഷണമൊക്കെ കഴിച്ചതാണോ എന്ന്‌ അലിവോടെ ചോദിച്ചു. കുടുംബത്തേ പരിചയപ്പെടുത്തി. ചിത്രങ്ങളെടുക്കുവാനായി ക്ഷമയോടെ നിന്നു.
പിന്നെ സാവധാനം പറഞ്ഞുതുടങ്ങി. ഇവിടം ഒട്ടും ‘ജറിയാറ്റിക്‌ ഫ്രണ്ടിലി’യല്ല, (വയോജന സൗഹൃദമല്ല) നിത്യജീവിതത്തിൽ ധാരാളം പ്രായോഗികബുദ്ധിമുട്ടുകളാണ്‌. സ്വന്തം ബാങ്കിലേക്കൊന്ന്‌ കയറിച്ചെല്ലണമെങ്കിൽപ്പോലും പടിക്കെട്ടുകൾ കയറി വലഞ്ഞുപോകും. അങ്ങനെ നിരവധി പ്രശ്നങ്ങളുണ്ട്‌ പ്രായമായവർ നേരിടുന്നതായി. ഒറ്റയ്ക്കായിപ്പോകുന്ന വൃദ്ധമാതാപിതാക്കളിൽ പലരും മക്കളോടൊപ്പം വിദേശത്തേയ്ക്കോ മറ്റോ പോകും. ചിലരൊക്കെ മറ്റുള്ളവരെ ആശ്രയിച്ച്‌ മക്കളും മരുമക്കളും വരുന്നതുംകാത്ത്‌ വർഷങ്ങൾ കഴിച്ചുകൂട്ടും. സാറിന്റെ സഹധർമ്മിണി പറഞ്ഞു. സഹായത്തിനൊരാളെ വിളിക്കാനില്ല. അടുക്കള സഹായത്തിനെത്തുന്നവരുടെ കാര്യം പറയാനുമില്ല.
ഒരു ചിരിയോടെ അദ്ദേഹം കൂട്ടിച്ചേർത്തു. പണ്ടൊക്കെ വിദേശത്തുള്ളവർ സ്വസ്ഥമായി മരിക്കാനായി നാട്ടിലേയ്ക്ക്‌ വരാനാണ്‌ ആഗ്രഹിച്ചിരുന്നത്‌. ഇന്നിപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നു. നിങ്ങൾ ചരമക്കോളങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ, തൊണ്ണൂറ്റി രണ്ടാമത്തെ വയസിൽ ലണ്ടനിൽ നിര്യാതനായി. അല്ലെങ്കിൽ ഫ്ലോറിഡയിൽ അന്ത്യകർമ്മങ്ങൾ നടത്തിയതായി എല്ലാവരെയും അറിയിക്കുന്നു എന്നിങ്ങനെ, നമ്മുടെ ചരമകോളങ്ങളുടെ സ്വഭാവംപോലും മാറിപ്പോയി. ശരിയല്ലേ?
ശരിയാണ്‌. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്‌ നമ്മുടെ നാട്ടിലെ മുതിർന്ന പൗരന്മാരുടെ എണ്ണം മറ്റിടങ്ങളെ അപേക്ഷിച്ച്‌ കൂടുതലാണ്‌. ആരോഗ്യരംഗത്തെ നമ്മുടെ മുന്നേറ്റങ്ങളുടെ ഫലമാണത്‌. എങ്കിലും ഇവർക്കുവേണ്ടി നമ്മുടെ വികസന സങ്കൽപ്പങ്ങളിൽ വേണ്ടത്ര ഇടം ഇല്ല എന്നതും വാസ്തവം. പ്രായമായവരുടെ അറിവും കഴിവും അവർക്കിണങ്ങുംവിധം വിനിയോഗിക്കാൻ പറ്റുന്നവിധത്തിലുള്ള പദ്ധതികൾ ഉണ്ടാവണം. ജീവിത സായാഹ്നത്തിൽ കൈത്താങ്ങ്‌ വേണ്ടുന്നവർക്ക്‌ അത്‌ നൽകാൻ നമുക്കും സർക്കാരിനും ബാധ്യതയുണ്ട്‌. അവിടവിടെയുള്ള ഓൾഡ്‌ ഏജ്‌ ഹോമുകൾകൊണ്ട്‌ മാത്രമായില്ല, വ്യക്തമായ നയരൂപീകരണം തന്നെ ഇക്കാര്യത്തിൽ അടിയന്തരമായി ഉണ്ടാവേണ്ടതാണ്‌.
ചിന്തകളിൽ നിന്നുണർന്ന്‌ സാറ്‌ വീണ്ടും പറഞ്ഞു. സാരമില്ല. ആശയവിനിമയത്തിന്‌ ഈ ഹൈടെക്‌ യുഗത്തിൽ എന്തെല്ലാം മാർഗങ്ങൾ. എവിടെയിരുന്നാലും നമ്മൾ പരസ്പരം അറിയുന്നുണ്ടാവും, അതുപോരെ.
മതി; അദ്ദേഹത്തിന്റേയും കുടുംബത്തിന്റെയും സൗഖ്യത്തിനാണ്‌ മുൻതൂക്കം. എന്നാലും ഇത്‌ ഉൾക്കൊള്ളാൻ അൽപം വിഷമവുമുണ്ട്‌. സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളിൽ എടുക്കുന്ന ശക്തമായ നിലപാടുകൾ, സത്യസന്ധമായ അഭിപ്രായങ്ങൾ … ഒപ്പം പറഞ്ഞും; ഒപ്പം നടന്നും എന്നും അദ്ദേഹം ഇവിടെ ഉണ്ടായിരുന്നു. അദ്ദേഹം പഠിപ്പിച്ചവരും അദ്ദേഹത്തെ പഠിക്കുന്നവരുമായ പല തലമുറകൾ ഉൾപ്പെട്ട ഈ നഗരത്തിന്‌ ചിന്തകളാൽ, ദീർഘദർശനങ്ങളാൽ ഇനിയും വഴികാട്ടും എന്നാഗ്രഹിക്കുന്നു ‘എഫ്‌ ബി (ഫെയ്സ്ബുക്ക്‌) യിൽ ഞാനുണ്ടാവും’ എന്ന വാക്കിന്‌ നന്ദി. നമുക്കിനിയും കാണാം. ചെന്നൈ അത്ര ദൂരെയൊന്നുമല്ലല്ലൊ. നമുക്കിനിയും കാണാൻ അവസരങ്ങളുണ്ടാകും എന്ന ഉറപ്പിൽ ഞങ്ങൾ മടങ്ങി.
കാറിലിരുന്ന്‌ സാറിന്‌ സരിതച്ചേച്ചി സമ്മാനിച്ച നീല, ചുവപ്പ്‌, കറുപ്പ്‌ പേനകളെപ്പറ്റി ഞങ്ങൾ കലപില കൂട്ടിച്ചിരിച്ചപ്പോൾ ഡ്രൈവിങ്‌ സീറ്റിൽ നിന്നും ബൈജുചന്ദ്രൻ ചോദിച്ചു. “നിങ്ങൾക്ക്‌ തോന്നുന്നുണ്ടോ, സാറിന്‌ ഈ യാത്രയിൽ വിഷമമില്ലെന്ന്‌?”
പെട്ടെന്ന്‌ കാറിനകം നിശബ്ദമായി. കനം തൂങ്ങിയ അന്തരീക്ഷത്തിൽ ഞങ്ങൾ മിണ്ടാതെയായി. പുളിമൂട്‌ വണ്ടിനിർത്തി, കേസരി സ്മാരകത്തിലേയ്ക്ക്‌ നടന്നു കയറുമ്പോൾ വിലപ്പെട്ട ചിത്രങ്ങൾ നിറഞ്ഞ ആ ഫോൺ ഞാൻ കാറിൽ മറന്നുപോയിരുന്നു. ഓർമ്മകൾ മനംനിറഞ്ഞും കവിഞ്ഞും പെയ്തുകൊണ്ടേയിരുന്നു.

No comments:

Post a Comment